
പുണെ: ലോകത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റമുണ്ടായെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ന് ഒരു രാജ്യത്തിനും, എത്രത്തോളം ശക്തിയുണ്ടെങ്കിലും, എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാര കേന്ദ്രങ്ങൾ പലതായി ഉയർന്നുവന്നതാണ് ഈ മാറ്റത്തിന് കാരണം. ഇത് രാജ്യങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരവും സന്തുലനവും ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ 22-ാം കൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകം നോക്കിക്കാണുന്ന രീതിയിൽ വലിയ മാറ്റമുണ്ടായി. രാജ്യത്തിന്റെ പ്രതിഛായയും യശസ്സും വർധിച്ചതാണ് ഇതിന് കാരണം. വിദേശത്ത് ഇന്ത്യക്കാരെക്കുറിച്ച് പുകഴ്ത്തിക്കേൾക്കാറുണ്ട് – തൊഴിൽപ്രേമികളും സാങ്കേതികവിദ്യ സ്നേഹിക്കുന്നവരും കുടുംബകേന്ദ്രീകൃതരുമാണെന്നാണ് വിദേശികളുടെ അഭിപ്രായം. ബിസിനസിനും ജീവിതത്തിനും അനുകൂല സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ പഴയ മുൻധാരണകൾ മാറി. ഇന്ത്യൻ തൊഴിലാളികളുടെ പ്രിയവും സംരംഭകരുടെ വിജയഗാഥകളും ലോകശ്രദ്ധ നേടുന്നു.
ആഗോളവൽക്കരണം ചിന്തയേയും തൊഴിലിനെയും മാറ്റിമറിച്ചു. മിക്ക രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, സേവനങ്ങൾ എന്നിവയിലൂടെയാണ് ലോകസാന്നിധ്യം ഉറപ്പിക്കുന്നത്. ഇന്ത്യയും ഈ പാതയിലാണ്, പക്ഷേ മികച്ച മനുഷ്യവിഭവശേഷിയാണ് നമ്മെ വ്യത്യസ്തരാക്കുന്നത്. എഞ്ചിനീയർമാർ, ഡോക്ടർമാർ എന്നിവരോടൊപ്പം അധ്യാപകർ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരും വേണം. പുരോഗതിയിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെങ്കിലും ഇതുവരെയുള്ള മാറ്റം വിസ്മയകരമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ താരിഫ് അടിച്ചേൽപ്പിക്കലുകൾക്കുള്ള പരോക്ഷ മറുപടി കൂടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി നൽകിയതെന്നാണ് വിലയിരുത്തൽ.














