പണമില്ലാത്തതിന്‍റെ പേരിൽ ഒരാളുടെയും ചികിത്സ നിഷേധിക്കരുത്; ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം; ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: പണമില്ലെന്നോ രേഖകളില്ലെന്നോ കാരണം പറഞ്ഞ് ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി കർശന നിർദേശം നൽകി. ജീവൻ രക്ഷിക്കുക എന്നത് എല്ലാ ആശുപത്രികളുടെയും പ്രാഥമിക കർത്തവ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലെത്തുന്ന ഏതൊരു രോഗിയെയും ആദ്യം പരിശോധിച്ച് ആരോഗ്യനില സുസ്ഥിരമാണെന്ന് ഉറപ്പാക്കണം; തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തവും ആശുപത്രികൾ ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.

ആശുപത്രികളിൽ എത്തുന്ന രോഗികളും ബന്ധുക്കളും പലപ്പോഴും അമിത ബില്ലുകൾ കാരണം ആശയക്കുഴപ്പത്തിലാകുന്ന സാഹചര്യം പരിഗണിച്ചാണ് കോടതി മറ്റൊരു നിർണായക നിർദേശം നൽകിയത്. എല്ലാ സ്വകാര്യ–പൊതു ആശുപത്രികളും റിസപ്ഷനിലും ഔദ്യോഗിക വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ ചികിത്സാ–പരിശോധനാ നിരക്കുകളും വ്യക്തമായി പ്രദർശിപ്പിക്കണം. ഓരോ സേവനത്തിന്റെയും കൃത്യമായ ചാർജ് രോഗിക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കണമെന്നും കോടതി ആവശ്യശ്യപ്പെട്ടു.

ഈ നിർദേശങ്ങൾ ലംഘിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാരിനോട് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ആവശ്യപ്പെട്ടും കോടതി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഉടൻ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുത്തണമെന്ന് ആരോഗ്യ വകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide