
ധർമസ്ഥല: മൃതദേഹം മറവുചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ ആദ്യ പോയിന്റിൽ വിശദമായ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ചപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പിന്നീട് ജെസിബി ഉപയോഗിച്ചാണ് പ്രദേശം വിശദമായി പരിശോധിച്ചത്. വരും ദിവസങ്ങളിൽ സാക്ഷി ചൂണ്ടിക്കാണിച്ച മറ്റ് എല്ലാ പോയിന്റുകളിലും വിശദമായ തെരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
നേത്രാവതി നദിക്കരയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള കാടിനുള്ളിലാണ് സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി മൃതദേഹം മറവുചെയ്തെന്ന് അവകാശപ്പെട്ട ആദ്യ പോയിന്റ്. ഇവിടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർക്കൊപ്പം തെരച്ചിൽ നടത്തി. 2018-ലെ ദക്ഷിണ കന്നഡ ജില്ലയിലെ പ്രളയത്തിൽ നേത്രാവതി നദി കരകവിഞ്ഞൊഴുകി ഈ പ്രദേശത്ത് വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ 12 ജീവനക്കാർ മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ചപ്പോൾ ഉറവ രൂപപ്പെടുകയും കുഴിയിൽ വെള്ളം നിറയുകയും ചെളിക്കെട്ടായി മാറുകയും ചെയ്തു. ഇതോടെ ചെറിയ ജെസിബി ഉപയോഗിച്ച് തെരച്ചിൽ നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു.
ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ആദ്യ പോയിന്റിൽ ഒന്നുമില്ലെന്ന നിഗമനത്തിൽ എത്തിയ അന്വേഷണ സംഘം, മറ്റ് പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരും. സാക്ഷി ഇതുവരെ 13 പോയിന്റുകൾ മൃതദേഹം മറവുചെയ്തതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം റോഡരികിലുള്ള, ആർക്കും കാണാവുന്ന സ്ഥലങ്ങളാണ്. സാക്ഷി മറ്റ് രണ്ട് പോയിന്റുകൾ കൂടി കാണിക്കാൻ തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും, അവ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ്. അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് കോടതിയുടെ അനുമതി ആവശ്യമാണ്.