
വാഷിംഗ്ടണ്‍: ഇന്ത്യക്കു മാത്രമല്ല, ലോകത്തെയാകെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ബോയിംഗ് 787 വിമാനം സുരക്ഷിതമാണെന്നും ഉടനടി അവ നിര്‍ത്തലാക്കേണ്ട സാഹചര്യമില്ലെന്നും യു.എസ് പ്രതികരണം.
241 ല്‍ അധികം ആളുകളുടെ മരണത്തിന് കാരണമായ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടുന്ന അപകടത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ കണ്ടതായും എന്നാല്‍ വിമാന മോഡല്‍ തന്നെ സുരക്ഷിതമല്ല എന്നതിന് ഇതുവരെ ഒരു വിവരവും കണ്ടെത്തിയിട്ടില്ലെന്നും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും ആക്ടിംഗ് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ക്രിസ് റോച്ചെലോയും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി എഫ്എഎ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) ഉം എന്‍ടിഎസ്ബി (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്) ഉം ബോയിംഗുമായും എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജിഇ എയ്റോസ്പേസുമായും സഹകരിക്കുന്നുണ്ടെന്നും ഡഫി വ്യക്തമാക്കി. അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനായി ഒരു യുഎസ് സംഘം ഇതിനകം ഇന്ത്യയിലേക്ക് പോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മാത്രമല്ല, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതല്‍ വിദഗ്ധരെ അയയ്ക്കാന്‍ അമേരിക്ക തയ്യാറാണെന്നും ഡഫി പറഞ്ഞു.
ലണ്ടനിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. പ്രദേശ വാസികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.