
തിരുവനന്തപുരം: താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മറക്കപ്പെടുന്നവയല്ലെന്നും പോരാട്ടം തുടരുമെന്നും നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചതായുള്ള വാർത്തകൾക്കിടെയാണ് റിനി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമായി. തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രാഹുൽ വിഷയത്തിലാണോ നിലപാട് വ്യക്തമാക്കിയതെന്ന് റിനി പറഞ്ഞിട്ടില്ല. താൻ പറഞ്ഞ തന്റെ ആരോപണങ്ങൾ ശരിക്കും പൊള്ളുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് തനിക്കെതിരെ പെയ്ഡ് ആക്രമണങ്ങൾ നടക്കുന്നതെന്ന് അവർ പറഞ്ഞു.
‘നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം അവസാനിപ്പിച്ചു എന്നല്ല’ എന്ന് റിനി വ്യക്തമാക്കി. തന്റെ പോരാട്ടം തുടരുമെന്നും, ഉന്നയിച്ച വിഷയങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ. സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു. കാരണം, ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം.












