‘ഇനിയൊരിക്കലും കേരളത്തിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല’; മുഖ്യമന്ത്രി പദവി സ്വപ്നം കാണേണ്ടെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഇനി ഒരിക്കലും കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും, മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വ്യർഥമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം പുതിയ ഒരു ദിശയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനം ഒരു നവീന നാടായി രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഈ പുതിയ കേരളത്തോടൊപ്പം നടക്കുകയാണ്.

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ പുതിയ കേരളത്തിനൊപ്പമാണ് ജനങ്ങൾ നിലയുറപ്പിക്കുന്നത്. ചിലർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് ശ്രമിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ ഇനി അവർക്കാർക്കും ആ പദവി ലഭിക്കാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കേന്ദ്രത്തിന്‍റെ പദ്ധതികളായ പിഎം ശ്രീ ഉൾപ്പെടെ വിഷയങ്ങളിൽ മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ, അവ ചർച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി നിലകൊള്ളുന്നു. നിലവിലെ സാഹചര്യങ്ങളെ മുതലെടുത്ത് മുന്നണിയെ ദുർബലപ്പെടുത്താമെന്നോ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നോ ഇടതുപക്ഷ വിരോധികൾ കരുതുന്നുണ്ടെങ്കിൽ, അത് കേരളത്തിൽ നടക്കില്ല. രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷ ഐക്യം അതീവ പ്രധാനമാണ്.

കേന്ദ്രത്തിന്റെ പദ്ധതികളെല്ലാം ചർച്ച ചെയ്ത്, കേരളത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ചാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നത്. മുന്നണിയിലെ ഘടകകക്ഷികൾക്കോ മറ്റുള്ളവർക്കോ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, അവ പ്രകടിപ്പിക്കുകയും ചർച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും.

വിദ്യാഭ്യാസ മേഖലയിൽ കേരളം ഉന്നത നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശസ്തി നേടുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇ.പി. ജയരാജൻ അവകാശപ്പെട്ടു.
കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം. ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാൻ ഇടതുപക്ഷ ഗവൺമെന്റ് അനുവദിക്കില്ല. കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് ഗവൺമെന്റ് പ്രവർത്തിക്കുന്നു. പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് അവ്യക്തതയുണ്ടോ എന്ന് അറിയില്ലെന്നും, ചർച്ചയിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide