‘മുസ്ലിം വോട്ട് കിട്ടിയാലേ മുസ്ലിം എംപിമാരുണ്ടാവൂ, മുസ്ലിം എംപിമാരുണ്ടായാലേ മുസ്ലിം മന്ത്രിമാരുണ്ടാവൂ’; കേന്ദ്ര മന്ത്രിസഭയിൽ മുസ്ലം മന്ത്രിയില്ലാത്തതിൽ രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭയിൽ മുസ്ലിം മന്ത്രി ഇല്ലാത്തതിന്റെ കാരണം മുസ്ലിം സമുദായം ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് തരുന്നില്ല. കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് എന്ത് ഗുണം കിട്ടി? മുസ്ലിം വോട്ട് കിട്ടിയാൽ മാത്രമേ മുസ്ലിം എംപിമാരുണ്ടാവൂ, മുസ്ലിം എംപിമാരുണ്ടായാൽ മാത്രമേ മുസ്ലിം മന്ത്രിമാരുണ്ടാവൂ” എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി ‘സെമി ഫൈനൽ’ അല്ല, ‘ക്വാർട്ടർ ഫൈനൽ’ അല്ല, നേരിട്ട് ‘ഫൈനൽ’ ആയാണ് കാണുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. “വികസിത കേരളം” എന്നതാണ് ബിജെപിയുടെ പ്രധാന കാഴ്ചപ്പാടെന്ന് അവകാശപ്പെട്ട അദ്ദേഹം, “എല്ലാം ശരിയാക്കാം എന്ന് വാഗ്ദാനം നൽകിയ മറ്റു മുന്നണികൾ ഒന്നും ശരിയാക്കിയില്ല. ആ മാറ്റം കൊണ്ടുവരാൻ ബിജെപി ആഗ്രഹിക്കുന്നു” എന്നും പറഞ്ഞു.

“കോൺഗ്രസിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്തിട്ട് കഴിഞ്ഞ 70 വർഷമായി എന്താണ് നിങ്ങൾക്ക് കിട്ടിയത്?” ബിജെപിയോട് അടുക്കാൻ മുസ്ലിം സമുദായം തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide