
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി റാപ്പര്‍ വേടന്‍ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. കേസിൽ ഇതുവരെ വേടന് നോട്ടീസയച്ചിട്ടില്ല. ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. പരാതിയില്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന കാര്യവും പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
പരാതിയിൽ പറയുന്ന കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോയെന്ന് പരിശോധിക്കുകയും സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കുകയും ചെയ്യും. തുടർന്നാകും മറ്റു നടപടികൾ. തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തുമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടറുടെ മൊഴി. വിഷയത്തിൽ തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടനും പ്രതികരിച്ചു.