‘സർവകലാശാല വിസി നിയമനത്തിൽ രാഷ്ട്രീയം പാടില്ല’, സുപ്രധാന ഉത്തരവിട്ട് സുപ്രീംകോടതി; ‘ഗവർണറും സർക്കാരും സഹകരിച്ച് പോണം’

ഡൽഹി: സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കണമെന്ന് സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. കെടിയു ഡിജിറ്റൽ സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ, സ്ഥിരം വിസിമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോടും ചാൻസലറായ ഗവർണറോടും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ജെ. ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ച്, താൽക്കാലിക വിസിമാരെ നിയമിക്കുന്നതിന് ഗവർണർക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ നിർദേശിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് പുറത്തുപോയ കെടിയു ഡിജിറ്റൽ സർവകലാശാലകളിലെ രണ്ട് വിസിമാരെ താൽക്കാലിക വിസിമാരായി പുനർനിയമിക്കാൻ ഈ ഉത്തരവോടെ ഗവർണർക്ക് സാധിക്കും. എന്നാൽ, ഉടൻ തന്നെ സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.

സർക്കാരും ചാൻസലറായ ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും, വിസി നിയമനം വൈകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി ഓർമിപ്പിച്ചു. “സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കത്തിൽ വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നത്. ദയവായി രാഷ്ട്രീയം കൊണ്ടുവരരുത്,” കോടതി അഭ്യർത്ഥിച്ചു. സർക്കാർ ഗവർണറുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും, ഗവർണർ സർക്കാരിന്റെ നിർദേശങ്ങൾ കൂടി പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഇടപെടലോടെ വിസി നിയമനത്തിൽ ഗവർണർക്ക് വീണ്ടും മേൽക്കൈ ലഭിച്ചിരിക്കുകയാണ്. സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിർദേശിക്കുന്നതടക്കം, സർക്കാർ ഇനി ഗവർണറുമായി സഹകരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. അതുവരെ, ഗവർണർ നിയമിക്കുന്ന താൽക്കാലിക വിസിമാർക്ക് തുടരാം.

More Stories from this section

family-dental
witywide