കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഒരു കാരണവശാലും മാറ്റിവെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പും വോട്ടർ പട്ടിക പരിഷ്കരണവും ഒരുമിച്ച് നടക്കുന്നത് കേരളത്തിൽ ആദ്യമല്ലെന്നും 2020-ലും ഇതേ രീതിയിൽ നടന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്യുമറേഷൻ ഒഴികെ എസ് എസ് ആറിലെ എല്ലാ പ്രവർത്തനങ്ങളും എസ് ഐ ആറിലുണ്ടെന്നും ഇത് സംസ്ഥാന ഭരണത്തെ സ്തംഭിപ്പിക്കില്ലെന്നും വാദിച്ചു.
കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം ജോലിഭാരം മൂലമാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷൻ ആവർത്തിച്ചു. ഈ മരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജോലി സമ്മർദ്ദം കാരണമെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
എസ് ഐ ആറിനെതിരെ കേരള സർക്കാരും മറ്റും നൽകിയ ഹർജികൾ പിഴ ചുമത്തി തള്ളണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നിലപാടെന്നും കമ്മീഷൻ വ്യക്തമാക്കി.











