
അടൂര്‍ : എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ലൈംഗിക ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി ആലോചനയില്‍പോലും ഇല്ലെന്നായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങളും രാജി ആവശ്യവും ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം.
ഷാഫി പറമ്പില്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയും രാഹുല്‍ രാജിവെക്കേണ്ടതില്ലെന്ന് ഇന്ന് പ്രതികരിച്ചിരുന്നു. രാഹുലിനെതിരെ ആരും നിയമപരമായി പരാതി നല്‍കിയിട്ടില്ലെന്നും കോടതി വിധിയോ എഫ് ഐ ആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി ന്യായീകരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിര്‍പക്ഷം വിമര്‍ശനം തുടരുന്നുവെന്നും രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നു തന്നെയാണ് ദീപ ദാസ് മുന്‍ഷിയും പ്രതികരിച്ചത്. രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും അവര്‍ എടുത്തു പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത് നിയമപരമായ പ്രതിസന്ധിയല്ലെന്നും മറിച്ച് ധാര്‍മിക പ്രശ്നമാണ് അവര്‍ വ്യക്തമാക്കി. എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.