സസ്പെൻസില്ല, സസ്പെൻഷൻ! നിയമോപദേശം ലഭിച്ചു, ഉപതെരഞ്ഞെടുപ്പ് സാധ്യത; രാഹുലിന്‍റെ രാജിയിൽ അന്തിമ തീരുമാനം തിങ്കളാഴ്ച, പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് റിപ്പോർട്ട്. രാജി വച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിലും രാജി ആവശ്യത്തിൽ നിലപാട് മയപ്പെട്ടിട്ടുണ്ട്. മറ്റൊരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. കാരണം ഷാഫി പറമ്പിൽ പാർലമെന്‍റംഗമായതിനെ തുടർന്ന് ഒരു ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ തീരുമാനം മൂലം നടന്നിരുന്നു. അതിനാൽ, പുതിയ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ തിങ്കളാഴ്ചയാകും അന്തിമ തീരുമാനമുണ്ടാകുക.

എന്നാൽ, ഹൈക്കമാൻഡിന്റെ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും വി ഡി സതീശനും. ഇക്കാര്യം ഇരുവരും കെ.പി.സി.സി. അധ്യക്ഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ഉപതിരഞ്ഞെടുപ്പിന്റെ ഭീഷണി കോൺഗ്രസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. രാഹുലിന്റെ എംഎൽഎ സ്ഥാനം നിലനിർത്തുമെങ്കിലും, പാർട്ടി കടുത്ത അച്ചടക്ക നടപടികളിലേക്ക് കടന്നേക്കും. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കൽ നടപടിക്കാണ് സാധ്യത കൂടുതൽ.

ലൈംഗികാരോപണത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍, എംഎല്‍എ പദവി രാജി വയ്ക്കേണ്ടതില്ലെന്നായിരുന്നു എഐസിസിയുടെ നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷി തുടര്‍ ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എ പദവിയും രാഹുല്‍ രാജി വയക്കണമെന്ന് വി ഡി സതീശന്‍ കടുത്ത നിലപാടടെുത്തതോടെ എഐസിസി നേതൃത്വം പ്രതിസന്ധിയിലായി. സതീശന് പിന്നാലെ മുതിര്‍ന്നേ നേതാക്കള്‍ ഒരോരുത്തരായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണമെന്ന നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചു. വനിത നേതാക്കളും രാഹുലിനെ മാറ്റിനിര്‍ത്തണമെന്ന നിർദ്ദേശം മുന്‍പോട്ട് വച്ചു. വ്യക്തിപരമായ അഭിപ്രായമല്ലാതെ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ നേതൃത്വം പിന്നാലെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പദവിയില്‍ കടിച്ച് തൂങ്ങുന്ന രാഹുല്‍ മാങ്കൂട്ടവും തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് കെപിസിസി കൈമാറുന്ന മുറക്ക് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. രാഹുല്‍ രാജി വയ്ക്കേണ്ടി വരുമെന്ന സാധ്യത തള്ളാതെയാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. എന്തായാലും ഇക്കാര്യത്തിൽ നിർണായക തീരുമാനം തിങ്കളാഴ്ചയുണ്ടാകും.

Also Read

More Stories from this section

family-dental
witywide