
ന്യൂയോർക്ക്: സമാധാനത്തിനുള്ള നോബേൽ സമ്മാനം നിരന്തരം ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ലോകത്തെ വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ പരിഗണിച്ച് തനിക്ക് തരാതെ, നൊബേൽ കമ്മിറ്റി ഒന്നും ചെയ്യാത്ത ആർക്കെങ്കിലും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. തനിക്ക് പുരസ്കാരം നൽകാതിരിക്കുന്നത് നമ്മുടെ രാജ്യത്തിന് വലിയ അപമാനമായിരിക്കുമെന്നും തനിക്കായി പുരസ്‌കാരം വേണ്ടെന്നും രാജ്യത്തിന് ഇത് ലഭിക്കണമെന്നും പറഞ്ഞു.
ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാരോ ഹമാസോ തന്റെ 20 ഇന സമാധാന പദ്ധതി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേൽ-ഹമാസ് യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെടുന്നു. ഇത് വിജയിക്കുകയാണെങ്കിൽ, എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിക്കും. അത് വളരെ നല്ല കാര്യമാണ്. ഇതുവരെ ആരും അത് ചെയ്‌തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ആൽഫ്രഡ് നൊബേലിൻ്റെ വിൽപത്രപ്രകാരം, രാഷ്ട്രങ്ങൾക്കിടയിലുള്ള സാഹോദര്യം വളർത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കോ സംഘടനകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് നൊബേൽ സമാധാന പുരസ്‌കാരം നൽകുന്നത്. നോർവേയുടെ പാർലമെൻ്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് വിജയിയെ തീരുമാനിക്കുന്നത്. സമ്മർദ്ദ തന്ത്രങ്ങളെ സമിതി എതിർക്കാറുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സമാധാനത്തിനുള്ള നൊബേൽസമ്മാനം വേണമെന്ന ട്രംപിന്റെ സമ്മർദത്തിൽ വഴങ്ങില്ലെന്നാണ് നൊബേൽ കമ്മിറ്റിയുടെ നിലപാട്.
ചില പ്രത്യേക സ്ഥാനാർഥികൾക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചർച്ചകളെ സ്വാധീനിക്കില്ല. നാമനിർദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നതെന്ന് സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വികെൻ പറഞ്ഞു.ഒക്ടോബർ പത്തിനാണ് സമാധാന നൊബേൽ പ്രഖ്യാപിക്കുന്നത്. ജൂലായ് അവസാനം നോർവേ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടെൻബെർഗുമായി ഇറക്കുമതിത്തീരുവയെക്കുറിച്ച് ഫോണിൽ സംസാരിക്കവേ നൊബേൽ ആവശ്യം ട്രംപ് ഉന്നയിച്ചെന്ന് നോർവീജിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിന് തന്നെ 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന നിലപാടിലാണ് പാകിസ്‌താൻ, ഇസ്രയേൽ, കംബോഡിയ എന്നീ രാജ്യങ്ങൾ. ഇതിനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.