
ഓസ്‌ലോ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതുമുതൽ ഡോണൾഡ് ട്രംപിനെ കൂടി ചുറ്റിപ്പറ്റിയാണ് ലോകം മുന്നോട്ട് പോകുന്നത്. ഓരോ ദിവസവും ലോകം ശ്രദ്ധിക്കുന്ന എന്തെങ്കിലും വാർത്ത ട്രംപുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ്. സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട 244 പേരിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്‍റ്. ഡോണൾഡ് ട്രംപിന് പുറമേ ഫ്രാൻസിസ് മാർപാപ്പ, യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, മുൻ നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് എന്നിവരുൾപ്പെടെ മൂന്നൂറോളം പേരും ചില സംഘടനകളുമാണ് ഇതുവരെ നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് നോർവീജിയൻ നോബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തുവരുന്ന വിവരം.
244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 286 പേരായിരുന്നു. ഔദ്യോഗിക പട്ടിക 50 വർഷത്തേക്കു പുറത്തുവിടരുതെന്നാണ് നിയമം. എന്നിരുന്നാലും നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് അവരവർ നാമനിർദേശം ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താനാകും. അങ്ങനെയാണ് ട്രംപിന്‍റെയടക്കം പേര് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യു എസ് കോൺഗ്രസ് അംഗം ഡാരെൽ ഇസയാണ് ട്രംപിനെ നാമനിർദേശം ചെയ്തെന്ന വിവരം വെളിപ്പെടുത്തിയത്. ഗാസയിലടക്കം സമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായി ഇടപെട്ട ട്രംപിനെക്കാൾ സമാധാന നൊബേലിന് അർഹതയുള്ള ആരുമില്ലെന്നാണ് ഡാരെൽ ഇസയുടെ പക്ഷം.