
വാഷിംഗ്ടണ്‍ : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി കണക്കാക്കുന്ന ഡിഎന്‍എ ഘടന കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയിട്ടുണ്ട് ഇദ്ദേഹം. ഈ കണ്ടുപിടുത്തം തന്മാത്രാ ജീവശാസ്ത്രത്തില്‍ ദ്രുതഗതിയിലുള്ള പുരോഗതിക്ക് അടിത്തറയിട്ടു.
എന്നാല്‍ വംശത്തെയും ലൈംഗികതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്കും സ്ഥാനത്തിനും വലിയ കോട്ടം വരുത്തി. ഒരു ടിവി പ്രോഗ്രാമില്‍, കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കും ഇടയില്‍ ശരാശരി ഐക്യുവില്‍ വ്യത്യാസം വരുത്തുന്ന ജീനുകളെക്കുറിച്ച് ഇദ്ദേഹം ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇത് ശാസ്ത്ര സമൂഹത്തില്‍ നിന്ന് തന്നെ പുറത്താക്കിയതായി തോന്നിയതായി പില്‍ക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
2007-ല്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ജോലി ചെയ്യവെ ആഫ്രിക്കയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിരുന്നു. 2019-ല്‍ വംശത്തെ ആശ്രയിച്ചിരിക്കും ബുദ്ധിശക്തിയെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വീണ്ടും വിവാദമായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍, ചാന്‍സലര്‍ എമെറിറ്റസ്, പ്രൊഫസര്‍ എമെറിറ്റസ്, ഓണററി ട്രസ്റ്റി എന്നീ ബഹുമതികള്‍ എടുത്തുകളയാന്‍ കാരണമായി.
Nobel Prize-winning American scientist James Watson has died.














