
ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട സാന്താക്ലോസ് എവിടെ എത്തി? എൻ്റെ വീട്ടിലേക്ക് എപ്പോൾ എത്തും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായാണ് നോറാഡിലേക്ക് (NORAD) കുട്ടികൾ വിളിക്കുന്നത്. ക്രിസ്മസ് രാവിലെ ലോകം ചുറ്റിയുള്ള യാത്രയും അത് നിരീക്ഷിക്കുന്ന നോറാഡും (NORAD) തമ്മിലുള്ള ബന്ധം വളരെ കൗതുകകരമാണ്. നോർത്ത് അമേരിക്കൻ ഏറോസ്പേസ് ഡിഫൻസ് കമാൻഡ് (NORAD) എന്ന അമേരിക്കൻ-കനേഡിയൻ സൈനിക സംഘടനയാണ് എല്ലാ വർഷവും സാന്താക്ലോസിൻ്റെ യാത്ര തത്സമയം നിരീക്ഷിക്കുന്നത്. 2025-ൽ ഈ പാരമ്പര്യം അതിൻ്റെ 70-ാം വാർഷികം ആഘോഷിക്കുകയാണ്.
മാറിപ്പോയ ഫോൺകോളിൽ തുടങ്ങിയ ചരിത്രം
1955-ൽ ഒരു പത്രപ്പരസ്യത്തിൽ വന്ന തെറ്റായ ഫോൺ നമ്പറിലൂടെയാണ് സാന്തായുടെ യാത്ര ട്രാക്കുചെയ്യുന്ന ഈ പാരമ്പര്യം തുടങ്ങിയത്. കുട്ടികൾക്കായി സാന്തായെ വിളിക്കാൻ എന്നപേരിൽ പത്രത്തിൽ നൽകിയ നമ്പർ തെറ്റുകയും കോളുകൾ അന്നത്തെ കോണ്ടിനെന്റൽ എയർ ഡിഫൻസ് കമാൻഡിൻ്റെ (CONAD) ഓപ്പറേഷൻസ് സെന്ററിലേക്ക് പോകുകയുമായിരുന്നു. ഇങ്ങനെ ആദ്യത്തെ ഫോൺ കോൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കേണൽ ഹാരി ഷൂപ്പിന് ലഭിച്ചു. വിളിക്കുന്ന കുട്ടികളെ നിരാശരാക്കാതെ സാന്തയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇദ്ദേഹവും സഹ ഉദ്യോഗസ്ഥരും കുട്ടികൾക്ക് മറുപടി നൽകി. സാന്താ ക്ലോസ് എവിടെവരെ എത്തിയെന്നായിരുന്നു കുട്ടികൾക്ക് അറിയേണ്ടിയിരുന്നത്. സാന്തയുടെ യാത്ര റഡാറിൽ നോക്കി പറഞ്ഞുതരാമെന്ന് ഷൂപ്പിയും ഉദ്യോസ്ഥരും കുട്ടികളെ ധരിപ്പിച്ചു. അതിന് അനുസൃതമായി മറുപടിയും പറഞ്ഞു. ഇത് തുടർന്ന് പോന്നിട്ട് ഇക്കുറി 70 വർഷമായി.

സാന്തായെ ട്രാക്ക് ചെയ്യുന്ന രീതി
നൂതനമായ സങ്കേതങ്ങൾ ഉപയോഗിച്ചാണ് നോറാഡ് സാന്തായെ കണ്ടെത്തുന്നത്. ക്രിസ്തുമസ് രാത്രി നോർത്ത് പോളിൽ നിന്ന് പുറപ്പെടുന്ന സമയം മുതൽ റഡാറുകൾ നിരീക്ഷണം തുടങ്ങുകയും സാന്തായുടെ യാത്രയെക്കുറിച്ച് കുട്ടികൾക്ക് അപ്ഡേറ്റ് നൽകുകയും ചെയ്യും. റെയിൻഡിയറായ റുഡോൾഫിന്റെ മൂക്കിൽ നിന്നുള്ള ഇൻഫ്രാറെഡ് സിഗ്നലുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ സാന്തായെ പിന്തുടരുന്നുവെന്നും കാനഡയുടെയും യുഎസിന്റെയും പോർവിമാനങ്ങൾ ആകാശത്ത് സാന്താക്ലോസിന് അകമ്പടി സേവിക്കാറുണ്ടെന്നും കാട്ടിയാണ് നോറാഡ് കുട്ടികളുടെ വിശ്വാസം നേടിയെടുക്കുന്നത്.
ഇതിനായി നിലവിൽ Official NORAD Tracks Santa വെബ്സൈറ്റ് സജ്ജമാണ്. ഡിസംബർ 1 മുതൽ സാന്തായുടെ വരവിനായി ഇവിടെ കൌണ്ട്ഡൌൺ തുടങ്ങും. ഈ സൈറ്റിൽ കുട്ടികളെ ആകർഷിക്കുന്ന നിരവധി ഗെയിമുകളും ഡിസംബർ 24-ന് സജീവമാകുന്ന തത്സമയ ട്രാക്കിംഗും ലഭ്യമാണ്. ഇതുകൂടാതെ, ഡിസംബർ 24-ന് 1-877-HI-NORAD (1-877-446-6723) എന്ന നമ്പറിൽ വിളിച്ചാൽ സാന്ത ഇപ്പോൾ എവിടെയാണെന്ന് വോളന്റിയർമാർ പറഞ്ഞുതരും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ നോറാഡ് സാന്താ ട്രാക്കർ ആപ്പുകളും ലഭ്യമാണ്.

സാന്തായുടെ വരവ്
സാന്താക്ലോസ് സാധാരണയായി ഡിസംബർ 24-ന് രാത്രി 9 മണിക്കും അർദ്ധരാത്രിക്കുമിടയിലാണ് ഓരോ വീട്ടിലും എത്തുന്നതെന്നും കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ സാന്താ വരികയുള്ളൂ എന്നുമാണ് നോറാഡ് നൽകുന്ന രസകരമായ നിർദ്ദേശം. കുട്ടികൾ മാത്രമല്ല കേട്ടോ, ലോകമെമ്പാടും സമ്മാനങ്ങൾ എത്തിക്കുമെന്ന് പറയപ്പെടുന്ന സാന്തായോട് ഇഷ്ടം പ്രകടിപ്പിക്കുന്ന മുതിർന്നവരും അദ്ദേഹത്തിന്റെ യാത്ര സൈറ്റിലൂടെയും ആപ്പിലൂടെയും പരിശോധിക്കാറുണ്ട്.
ഇംഗ്ലീഷ്, ജാപ്പനീസ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സാന്തയുടെ യാത്ര പിന്തുടരാൻ വെബ്‌സൈറ്റ് ആളുകളെ അനുവദിക്കുന്നു. കഴിഞ്ഞ വർഷം, നോറാഡിന്റെ ആസ്ഥാനമായ കൊളറാഡോ സ്പ്രിംഗ്സിലെ പീറ്റേഴ്‌സൺ സ്‌പേസ് ഫോഴ്‌സ് ബേസിലേക്ക് ഏകദേശം 380,000 കോളുകളാണ് വന്നത്.
കഴിഞ്ഞ വർഷം, രണ്ട് ബഹിരാകാശയാത്രികർ കുടുങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാന്ത പോകുന്നതായി കേട്ടപ്പോൾ ഒരു പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്ന് നോറാഡിന്റെ വക്താവ് കേണൽ കെല്ലി ഫ്രഷോർ പറഞ്ഞു. പറഞ്ഞു. “ഭാഗ്യവശാൽ, കോൾ അവസാനിക്കുമ്പോഴേക്കും, സാന്താക്ലോസ് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് മാറിയിരുന്നു, സാന്ത ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്നും ആ വൈകുന്നേരം തന്നെ അവളുടെ വീട്ടിലേക്ക് എത്താൻ പോകുകയാണെന്നും കുട്ടിക്ക് ഉറപ്പ് ലഭിച്ചു,” ഫ്രഷോർ പറഞ്ഞു.

സാന്താ ക്യാമറകൾ
സാന്താ ക്ലോസിൻ്റെ യാത്ര ട്രാക്കുചെയ്യാൻ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് കൌതുകമായി ലോകത്തിൻ്റെ പല ഭാഗങ്ങളിലും മുൻകൂട്ടി സജ്ജീകരിച്ചിട്ടുള്ള അതിവേഗ ഡിജിറ്റൽ ക്യാമറ ശൃംഖല വഴിയാണ് സാൻറയുടെയും റെയിൻഡിയറുകളുടെയും യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതെന്ന് കാണാം. സാറ്റലൈറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള ഇൻഫ്രാറെഡ് സെൻസറുകൾക്ക് ചൂട് തിരിച്ചറിയാൻ കഴിയുമെന്നും ഇത് സാന്തായുടെ വാഹനമായ റെയിൻഡിയറായ റുഡോൾഫിൻ്റെ ചുവന്ന മൂക്ക് പുറത്തുവിടുന്ന താപോർജ്ജം തിരിച്ചറിഞ്ഞാണ് സാന്തയുടെ യാത്ര കണ്ടെത്തുന്നതെന്നും പറയപ്പെടുന്നു.
ഇത് യഥാർത്ഥത്തിൽ സാധ്യമാണോ? എന്ന് ചോദിച്ചാൽ യാഥാർത്ഥ്യത്തിൽ, സാന്താ ക്യാമറകൾ ഒരു ആഘോഷത്തിൻ്റെ ഭാഗമായുള്ള തമാശയോ അല്ലെങ്കിൽ കുട്ടികളുടെ ഭാവനയെ ഉണർത്താൻ വേണ്ടിയുള്ള സംവിധാനമോ ആണ്. കുട്ടികളെ സന്തോഷിപ്പിക്കാൻ ആനിമേഷൻ അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങളുടെ വസ്തുക്കൾ കളിപ്പാട്ടങ്ങളായി വിപണിയിൽ ലഭിക്കുന്നതുപോലെ ‘സാന്താ ക്യാമറകളും’ വിപണിയിൽ ലഭ്യമാണ്.
നോറാഡിൻ്റെ ‘സാന്താ ട്രാക്കിംഗ്’ ഒരു ജനകീയമായ ക്രിസ്മസ് പാരമ്പര്യമാണ്. ഇത് സാൻറയുടെ യാത്രയെക്കുറിച്ച് കുട്ടികൾക്ക് വിവരങ്ങൾ നൽകാറുണ്ടെങ്കിലും, ഇതിന് പിന്നിൽ ഭാവനയും വിനോദവുമാണ് പ്രധാനമായും ഉള്ളത്. എന്നാൽ കുട്ടികൾക്ക് ഇത് ക്രിസ്മസ് ആഘോഷത്തിൻ്റെ മാന്ത്രികമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
NORAD tracks Santa’s journey, turns 70.















