
ഉത്തരേന്ത്യയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നായ ദാല്‍ മഖാനി ഇളക്കാൻ ജെസിബി. അടുപ്പത്ത് തിളയ്ക്കുന്ന ദാല്‍ മഖാനി ഇളക്കുന്ന ജെസിബിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇൻസ്റ്റാഗ്രാം ഉപയോക്താവായ നീരജ് എന്നയാളാണ് വിഡിയോ പങ്കിട്ടത്.
വീഡിയോയില്‍ അടുപ്പത്ത് വച്ചിരിക്കുന്ന വിഭവം ഇളക്കാന്‍ ഒരു ജെസിബി യന്ത്രം ഉപയോഗിക്കുന്നതായി കാണാം. ട്രക്കുകളില്‍ റൊട്ടി എത്തുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്. തൊട്ടടുത്ത് വലിയ പാത്രങ്ങളിലായി മറ്റ് വിഭവങ്ങള്‍ ഉള്ളതും കാണാം. കറി മറ്റൊരു ട്രക്കിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മാറ്റുന്നതും ആളുകള്‍ കഴിക്കുന്നതും കാണാം. എന്നാല്‍ ആളുകള്‍ കഴിക്കുന്നത് ഇതേ ഭക്ഷണമാണോ എന്നതില്‍ വ്യക്തതയില്ല. വിഡിയോ എവിടെനിന്നുള്ളതാണ് എന്നതിലും വ്യക്തത വന്നിട്ടില്ല.
അതേസമയം, വീഡിയോ വൈറലായെങ്കിലും സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്കെതിരെ നിരവധി കമൻ്റുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നത്. വൃത്തിഹീനമാണെന്നും കഴിക്കുന്നവർക്ക് എന്തെല്ലാം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും കമന്‍റുകളില്‍ നിറഞ്ഞു. ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യോട് സംഭവം അന്വേഷിക്കണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടും നിരവധി പേർ രംഗത്തെത്തി.
ഗ്രേവിക്കൊപ്പം ഗ്രീസ് സൗജന്യം. പൊതുജനങ്ങളുടെ ആരോഗ്യം കൊണ്ടാണ് കളിക്കുന്നത്. റോഡുകൾ, പാർക്കുകൾ, വീടുകള്‍ എന്നിവ നിർമ്മിക്കാൻ ജെസിബി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ഭക്ഷണം പാകം ചെയ്യാൻ ഇത് ഉപയോഗിക്കുന്നത് ഇതാദ്യമായാണ് എന്നിങ്ങനെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്കെതിരെ വരുന്നത്.