
വാഷിംഗ്ടൺ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി ഇന്ത്യന്‍ വംശജരെ കാത്തിരുന്നത് മിന്നും വിജയമായിരുന്നു. കണക്റ്റിക്കറ്റിലെ നോർവിച് നഗരത്തിനും ഇക്കുറി ആദ്യമായി ഒരു സിഖ് മേയറെ ലഭിച്ചു. 40 കാരനായ ഡെമോക്രാറ്റ് സ്വരഞ്ജിത് സിംഗ് ഖൽസ, കണക്റ്റിക്കട്ടിലെ ന്യൂ ലണ്ടൻ കൗണ്ടിയിലെ നോർവിച്ചിന്റെ ആദ്യത്തെ സിഖ് മേയറായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. 20% വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഉജ്ജ്വല വിജയം.
2021 ൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖൽസ, ചൊവ്വാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ട്രേസി ഗൗൾഡിനെയും മാർസിയ വിൽബറിനെയുമാണ് പരാജയപ്പെടുത്തിയത്. സിഖ് ഇന്റർനാഷണൽ സൊസൈറ്റിയുടെ പ്രതിനിധിയായ പർമിന്ദർപാൽ സിംഗ് ഖൽസയുടെ മകനാണ് സ്വരഞ്ജിത്. തന്റെ മകന്റെ അമേരിക്കയിലേക്കുള്ള പ്രചോദനാത്മക യാത്ര സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ടാണ് പർമിന്ദർപാൽ സന്തോഷം പങ്കുവെച്ചത്.
1984ൽ ഡൽഹിയിൽ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപം മൂലം ഇന്ത്യ വിട്ടു പോന്ന കുടുംബത്തിലെ അംഗമായ ഖൽസ തൻ്റെ വിജയം അമൂല്യമായ പിന്തുണ നൽകിയ എല്ലാവരുടേതുമാണെന്ന് പ്രതികരിച്ചു. നോർവിച് സിറ്റി കൗൺസിൽ, ബോർഡ് ഓഫ് എജുക്കേഷൻ, കമ്മീഷൻ ഓൺ സിറ്റി പ്ലാൻ, ഇൻലൻഡ് വെറ്റ്ലാൻഡ്‌സ് കമ്മീഷൻ എന്നിവയിൽ അംഗമായിരുന്ന ഖൽസ നഗരത്തിന് ഏറെ പരിചിതനാണ്.
സർവമത സൗഹാർദ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിനിടെ ഷെൽ ഗ്യാസ് സ്റ്റേഷൻ നിർത്തിയിട്ടാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. ഭാര്യ ഗുണ്ടസും രണ്ടു പെൺമക്കളുമായി നോർവിച്‌ടൗണിലാണ് ഇദ്ദേഹം താമസിക്കുന്നത്.
Norwich city makes history; first Sikh mayor elected with 20% majority of votes.














