‘പിണറായിക്ക് ഒരു അരി മണിയിൽ പോലും അവകാശമില്ല, കേരളത്തിൽ ലഭിക്കുന്നത് മൊത്തം മോദി അരി’; റേഷനിൽ അവകാശവാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിൽ വിതരണം ചെയ്യുന്ന റേഷൻ മുഴുവൻ ‘മോദി അരി’യാണെന്നും ഒരു അരി മണിയിൽ പോലും മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്നുമുള്ള അവകാശവാദവുമായി കേന്ദ്രമന്ത്രി ജോർജ് കുഴ്യൻ രംഗത്ത്. ജനങ്ങളുടെ അവകാശമായ റേഷൻ നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ പങ്ക് വിളിച്ചുപറയേണ്ട സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ സജീവ പങ്കാളിയാണെന്നും, ഇനി ബി ജെ പി പ്രവർത്തകർ ഈ വസ്തുത ജനങ്ങളെ അറിയിക്കുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

കേന്ദ്രം കേരളത്തിന് പ്രതിവർഷം 1,18,000 മെട്രിക് ടൺ ധാന്യങ്ങൾ നൽകിവരുന്നുണ്ടെന്നും, ഓണത്തോടനുബന്ധിച്ച് ആറുമാസത്തേക്കുള്ള അരി അഡ്വാൻസായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്സവ സീസണിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച അദ്ദേഹം, “കേരളം ഞെട്ടുമെന്ന് പറഞ്ഞു, ഇപ്പോൾ ഞെട്ടിക്കഴിഞ്ഞു” എന്നും കുറ്റപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide