
കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായി മാമി തിരോധാനക്കേസില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം അന്വേഷണം നടത്തിയ നടക്കാവ് പോലീസിലെ സംഘത്തിനെതിരെയാണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലും ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയില്ല. സുപ്രധാന സൂചനകള്‍ നല്‍കുന്ന വിവരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ആഗസ്റ്റിലാണ് മാമിയെ കാണാതായെന്ന് ഭാര്യ റംലത്ത് നടക്കാവ് ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
മാമിയെ കാണാതായെന്ന ഭാര്യയുടെ പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ അന്ന് ഉണ്ടായിരുന്ന നടക്കാവ് ഇന്‍സ്‌പെക്ടര്‍, എസ് ഐ, സീനിയര്‍ സി പി ഒ എന്നിവര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനമായി. ഉത്തരമേഖലാ ഐ ജി രാജ്പാല്‍ മീണയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഐ ജി രാജ്പാല്‍ മീണ നിര്‍ദേശിച്ചു.