
കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ എല്ലാവർക്കും പൂർണ തൃപ്തി ഉണ്ടാകണമെന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെയും അബിൻ വർക്കിയുടെയും പേര് പരിഗണിക്കാത്തതിൽ ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ തീരുമാനങ്ങൾ സാമുദായിക അടിസ്ഥാനത്തിലല്ല, മറിച്ച് പാർട്ടിയുടെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ പരിഗണിച്ചാണ് എടുക്കുന്നതെന്ന് സണ്ണി ജോസഫ് അവകാശപ്പെട്ടു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും, എന്നാൽ പരാതികൾ പരിഹരിക്കാനുള്ള കഴിവ് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്റെ കൺസെപ്റ്റ് വ്യത്യസ്തമാണ്. ഏറ്റവും ചെറിയ, കാര്യക്ഷമമായ കമ്മിറ്റിയാണ് എന്റെ ലക്ഷ്യം. പല താൽപ്പര്യങ്ങളും പരിഗണിക്കേണ്ടി വരും. ജംബോ കമ്മിറ്റി അനാവശ്യമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ എല്ലാവരെയും ഉൾക്കൊള്ളിക്കേണ്ടത് ഒരു വെല്ലുവിളിയാണ്,” സണ്ണി ജോസഫ് വിശദീകരിച്ചു.
സാമുദായിക സമവാക്യങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് കോൺഗ്രസ് എപ്പോഴും മുന്നോട്ടുപോയിട്ടുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുനഃസംഘടനയിൽ സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയാത്തവരെ പോലും പരിഗണിക്കേണ്ടി വരുമെന്നും, പാർട്ടിയുടെ ഐക്യവും ശക്തിയും നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.