
കുറഞ്ഞ വിലയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ‘ടോയിങ്’ എന്ന ആപ്പ് പുറത്തിറക്കി ഭക്ഷണ, പലചരക്ക് ഡെലിവറി ആപ്പായ സ്വിഗ്ഗി. 100 – 200 രൂപയ്ക്ക് ഭക്ഷണം ഡെലിവറി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ‘ടോയിങ്’ പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികളെയും പാർട്ട് ടൈം ജോലി ചെയ്യുന്നവരെയും ലക്ഷ്യം വച്ച് പുറത്തിറക്കിയ ആപ്പ് പുണെയിലാണ് സേവനം ആരംഭിച്ചത്. 200 രൂപയിൽ താഴെയുള്ള നിരക്കിൽ ഭക്ഷണം നൽകാൻ കഴിയുന്ന ഹോട്ടലുകളാണ് ടോയിങ്ങിന് കീഴിൽ വരുന്നത്.
സ്വിഗ്ഗിയുടെ മറ്റു ആപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ടോയിങ് ഒരു സ്വതന്ത്ര ഫുഡ് ഡെലിവറി ആപ്പാണ്. നിലവിൽ സ്വിഗ്ഗിയുടെ കീഴിൽ ഏഴ് അപ്പുകളാണുള്ളത്. ഒരൊറ്റ ആപ്പിൽ നിന്ന് പല സേവനങ്ങൾ നൽകാൻ കഴിയുന്ന സൂപ്പർ ആപ്പ് എന്ന സംവിധാനത്തിൽ നിന്ന് അടുത്തകാലത്താണ് സ്വിഗ്ഗി മാറിയത്. പ്രധാന ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, ഡൈൻ ഔട്ട്, സാക്, ക്രൂ, പിംഗ്, ഇപ്പോൾ ടോയിങ് എന്നിവയാണ് സ്വിഗ്ഗിക്ക് കീഴിൽ വരുന്ന ആപ്പുകൾ.