
ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗം പ്രമേയം പാസാക്കി. സുകുമാരൻ നായർ, നറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് എൻഎസ്എസിനുള്ളിൽ ഉടലെടുത്ത വിവാദം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പാസാക്കിയ പ്രമേയം, സുകുമാരൻ നായർ എൻഎസ്എസിനെ സ്വാർത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന്റെ തൊഴുത്തിൽ കെട്ടിയെന്ന് വിമർശിക്കുന്നു.
എൻഎസ്എസിന്റെ മൂല്യങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിക്കാട്ടിയാണ് കരയോഗം ഈ പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷവുമായുള്ള ബന്ധം സംബന്ധിച്ച് എൻഎസ്എസിനുള്ളിൽ വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും ഈ പ്രമേയം വ്യക്തമാക്കുന്നു. സുകുമാരൻ നായരുടെ നേതൃത്വത്തിനെതിരെ ഉയർന്നുവരുന്ന എതിർപ്പുകൾ എൻഎസ്എസിന്റെ ആന്തരിക ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.