തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി അണുബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം എച്ച്ഐവി ബാധിതരിൽ 15നും 24 നും ഇടയിലുള്ള പ്രായക്കാരുടെ എണ്ണം കൂടി വരുന്നതായും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്.
ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15 മുതൽ 24 വരെ പ്രായമുള്ളവരുടെ എണ്ണം 15.4% ആയി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡർമാരുമാണ്. 1065 സ്ത്രീകളിൽ 90 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്.
എറണാകുളത്താണ് (850) കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ എച്ച്ഐവി അണുബാധിതർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ. വയനാട്ടിൽ ആണ് ഏറ്റവും കുറവ് (67). അതേസമയം എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്.ഐ.വി. വാഹകരാക്കുന്നതിൽ പ്രധാന കാരണങ്ങൾ. 2030 ഓട് കൂടി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.
Number of HIV infected people soars in Kerala; Gen z category dominates














