
തൃശൂര്‍ : ഛത്തീസ്ഗഡില്‍വെച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയം പരമാവധി തണുപ്പിക്കാന്‍ ബിജെപി ശ്രമം. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റില്‍ ദുഖം പ്രകടിപ്പിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ലെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയില്‍ പോകണമെങ്കില്‍ പോലും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നടന്നില്ല. അതാണ് സംഭവിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.