
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ. ബന്ധുക്കള്‍ക്കൊപ്പം സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ദില്ലിയിൽ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയില്‍ എത്തിയത്. ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് നന്ദി പറയാനാണ് എത്തിയതെന്നും കേസ് പിന്‍വലിക്കാൻ ഇടപെടണം എന്ന് അഭ്യര്‍ഥിച്ചെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
കന്യാസ്ത്രീകൾക്ക് കേസിൽ നിലവിൽ ജാമ്യം മാത്രമാണ് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതിലെ നിയമനടപടി എങ്ങനെയെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് ദുർഗ് ജയിലിലെത്തിയിരുന്നു.