ഒക്ടോബർ രണ്ട് ഇന്ന് ഗാന്ധിജയന്തി. ഇന്ന് മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം രാജ്യം ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മ ഗാന്ധിയുടെ സമര മാർഗം സത്യഗ്രഹമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു.
ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടുകയും 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങൾ അഹിംസയിലൂടെ നയിച്ചു. ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാരഥന്മാരെയും ഗാന്ധിയന്‍ ചിന്തകൾ സ്വാധീനിച്ചിരുന്നു.















