റഷ്യൻ എണ്ണക്കമ്പനികൾക്ക് മേലുള്ള യുഎസ് ഉപരോധത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ  ഇടിവ്

ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ വൻതോതിൽ ഇടിവ്. റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ് (Rosneft), ലുക്കോയിൽ (Lukoil) എന്നിവയ്‌ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഉപരോധമാണ് ഈ ഇടിവിന് പ്രധാനകാരണം. നവംബർ 21 മുതൽ ഈ ഉപരോധം പ്രാബല്യത്തിൽ വരും. അമേരിക്കൻ നീക്കത്തിന്റെ സമ്പൂർണ്ണ പ്രത്യാഘാതം വിലയിരുത്താൻ സമയമെടുക്കുമെന്നാണെങ്കിലും, അടുത്ത രണ്ടു മാസത്തിനുള്ളിൽ സ്ഥിതി വ്യക്തമായേക്കുമെന്നാണ് വിലയിരുത്തൽ.

റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഒക്ടോബർ 27-ന് അവസാനിച്ച ആഴ്ചയിൽ ദിവസേന 1.19 ദശലക്ഷം ബാരൽ (bpd) ആയി ചുരുങ്ങി. ഇതിന് മുൻപത്തെ രണ്ടാഴ്ചകളിൽ ഇത് 1.95 ദശലക്ഷം ബാരൽ ആയിരുന്നു. റോസ്നെഫ്റ്റിന്റെയും ലുക്കോയിലിന്റെയും കയറ്റുമതിയിൽ ഉണ്ടായ ഇടിവാണ് ഇതിന് പിന്നിൽ. റഷ്യയുടെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ രണ്ടു കമ്പനികളിലൂടെ തന്നെയാണ് നടക്കുന്നത്.

റോസ്നെഫ്റ്റിൽനിന്നുള്ള ഇറക്കുമതി ഒക്ടോബർ 27-ന് അവസാനിച്ച ആഴ്ചയിൽ 0.81 ദശലക്ഷം ബാരൽ പ്രതിദിനം ആയി കുറഞ്ഞു. മുൻ ആഴ്ചയിലെ 1.41 ദശലക്ഷം ബാരലിൽനിന്നുള്ള വലിയ ഇടിവാണിത്. അതേസമയം, ലുക്കോയിലിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി പൂജ്യമായി. അതിന് മുൻപത്തെ ആഴ്ചയിൽ 0.24 ദശലക്ഷം ബാരൽ പ്രതിദിനമായിരുന്നു.

എണ്ണവിൽപനയിലൂടെ റഷ്യ സമ്പാദിക്കുന്ന സാമ്പത്തികനേട്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഈ ഉപരോധം നടപ്പിലാക്കുന്നത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി രണ്ടാംവട്ടം അധികാരമേൽക്കുന്നതിനുശേഷം റഷ്യയ്‌ക്കെതിരെ സ്വീകരിച്ച ആദ്യ പ്രധാന നടപടി കൂടിയാണിത്. യുഎസ് നീക്കത്തെത്തുടർന്ന് ഇന്ത്യയിലെ എച്ച്പിസിഎൽ-മിത്തൽ എനർജി, ഐഒസി തുടങ്ങി പ്രധാന എണ്ണകമ്പനികൾ റഷ്യയിൽനിന്നുള്ള ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

Oil imports to India fall due to US sanctions on Russian oil companies

More Stories from this section

family-dental
witywide