അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയത് നീട്ടി ഒമാൻ വിമാന കമ്പനികൾ

മസ്കറ്റ്: നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത് നീട്ടി ഒമാന്‍ വിമാന കമ്പനികളായ സലാം എയറും ഒമാന്‍ എയറും. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ജൂൺ 20 വരെ ഇറാന്‍, ഇറാഖ്, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സലാം എയര്‍ അറിയിച്ചു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരെയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡിപ്പാര്‍ച്ചര്‍ പോയിന്‍റുകളില്‍ നിന്ന് സ്വീകരിക്കില്ലെന്നും സലാം എയര്‍ അറിയിച്ചു.

എയര്‍ലൈന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യം അനുവദിക്കുമ്പോള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും യാത്രക്കാര്‍ സലാം എയറിന്‍റെ വെബ്സൈറ്റിലെ മാനേജ് ബുക്കിങ് പോര്‍ട്ടല്‍ വഴി സമയബന്ധിതമായ വിമാന അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി അവരുടെ കോൺടാക്സ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു. സലാം എയറിന്‍റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമുമായി +968 2427 2222 എന്ന നമ്പര്‍ വഴിയോ customercare@salamair.com എന്ന വെബ്സൈറ്റിലൂടെയോ സര്‍വീസ് തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. ജൂൺ 14, 15 തീയതികളിലെ മസ്കറ്റ്-അമ്മാന്‍ സര്‍വീസുകള്‍ ഒമാന്‍ എയറും റദ്ദാക്കിയിട്ടുണ്ട്.