
ഓണം മുറ്റത്തെത്തിയതോടെ ഇന്ന് മലയാളികള്‍ ഉത്രാടപാച്ചിലില്‍. ഒന്നാം ഓണമാണ് ഇന്ന്. തിരുവോണമുണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അരി മുതല്‍ ഓണക്കോടി വരെ എല്ലാം സംഘടിപ്പിക്കാനുള്ള തിരക്കും, കായ വറുത്തതും അച്ചാറുകളും ഉള്‍പ്പെടെ എല്ലാം തയ്യാറാക്കുന്ന തിരക്കിലാണ് മലയാളികളുടെ അടുക്കളകളില്‍ ഇന്ന്. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഓണമാഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
ചിങ്ങത്തിലെ ഉത്രാടം മുതല്‍ ഉത്രട്ടാതി വരെയുള്ള ദിവസങ്ങള്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ 21 -മത്തെ നക്ഷത്രമാണ് ഉത്രാടം. അടുത്ത ദിവസം തിരുവോണം. അത്തം പിറന്നാല്‍പ്പിന്നെ ഓണത്തിനുള്ള തിരക്കുകളിലേക്ക് മലയാളികള്‍ കടക്കും.
ഇക്കുറി ഓണത്തിന് മഴയെത്തുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. ബന്ധുവീടുകളിലും സുഹൃത്തുക്കളെ കാണാനും ആഘോഷങ്ങള്‍ക്കുമൊക്കെയായി പോകേണ്ടി വരുമ്പോള്‍ മഴ വില്ലനാകുമോ എന്നതാണ് പലരും ആശങ്കപ്പെടുന്നത്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
തിരുവോണ നാളായ നാളെ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണ് ചൊല്ല്. അത്തം ദിനത്തില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട മഴ പെയ്തിരുന്നു. ഓണം കറുക്കുമോ വെളുക്കുമോ എന്ന് കാത്തിരുന്ന് കാണാം.















