സൗത്ത് ഫ്ലോറിഡ: കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ ഓഗസ്‌റ്റ് 23 ന് ഓണാഘോഷം സംഘടിപ്പിച്ചു. 1500ലധികം ആളുകൾ പങ്കെടുത്ത ഓണാഘോഷത്തിൽ പരമ്പരാഗത ഓണപ്പൂക്കളം, തിരുവോണ സദ്യ, ചെണ്ടമേളം, കലാപരിപാടികൾ തുടങ്ങിയവ മുഖ്യ ആകർഷണങ്ങളായി. പരിപാടിയിൽ സംഘടനയുടെ 41 വർഷത്തെ ചരിത്രം പേറുന്ന `ശംഖൊലി’ എന്ന സുവനീറിന്റെ പ്രകാശനവും നിർവഹിച്ചു. ടീം മയാമി ഒരുക്കിയ ‘വൈശാലി’ എന്ന സംഗീത നൃത്ത നാടകവും അരങ്ങേറി.



ആഘോഷ പരിപാടികൾ ഉദ്ഘാടനം സമാജം പ്രസിഡൻ്റ് ബിജു ജോൺ നിലവിളക്ക് തെളിയിച്ച് നിർവഹിച്ചു. ചടങ്ങിൽ, ടൗൺ ഓഫ് ഡേവി മേയർ ജൂഡി പോളിനെ സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന് നൽകുന്ന പിന്തുണകൾക്കുള്ള അംഗീകാരമായി പ്രത്യേക ഫലകം നൽകി ആദരിച്ചു. ഏറ്റവും നല്ല സിപിഎയ്ക്കുള്ള ഫോബ്സ് മാഗസിനിൻ്റെ പുരസ്‌കാരം ലഭിച്ച ജോസ് തോമസിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ഓണാഘോഷത്തിൽ ഔവർ ലേഡി ഓഫ് ഹെൽത്ത് സിറോ മലബാർ കാത്തലിക് സഭയുടെ വികാരിയായ ഫാ. ജോർജ് ഇളമ്പാശ്ശേരിൽ ഓണസന്ദേശം നൽകി.











