ലൂവ്ര് മ്യൂസിയത്തിലെ കൊളളയിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ ആഭരണം കണ്ടെത്താനായില്ല

പാരിസ്: കഴിഞ്ഞ ഒക്ടോബറിൽ പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഇതോടെ കവർച്ചയിൽ നാല് പേർ പിടിയിലായി. അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. 1804ലെ സ്ഥാനാരോഹണ ചടങ്ങിൽ നെപോളിയൻ ചക്രവർത്തിയും ജോസഫൈൻ ചക്രവർത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങൾ അടക്കം 9 അമൂല്യ വസ്തുക്കൾ മോഷണം പോയെന്നാണ് റിപ്പോർട്ട്.

ഒക്ടോബര്‍ 19ന് രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ചുതുടങ്ങുമ്പോഴായിരുന്നു കവർച്ച നടന്നത്. കവർച്ച നടന്ന സമയത്ത് സുരക്ഷാജീവനക്കാർ എത്തുംമുൻപ് മുഖംമൂടി ധരിച്ച മോഷ്ടാക്കൾ ബൈക്കിൽ രക്ഷപെട്ടു പോകുകയായിരുന്നു. സെൻ നദിയോട് ചേർന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കൾ ചരക്കുലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയിൽ കടക്കുകയായിരുന്നു.

ഡിസ്‌പ്ലെ കേസ് തകർത്ത് ഉള്ളിൽ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങൾ കൈക്കലാക്കിയ ഇവർ, 7 മിനിറ്റിനുള്ളിൽ പുറത്തിറങ്ങി മോട്ടോർ ബൈക്കിൽ രക്ഷപെട്ടു. മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിർണയിക്കാൻ ആകില്ലെന്ന് സാംസ്കാരിക മന്ത്രിയും പ്രതികരിച്ചു.

ലോകത്ത് ഏറ്റവും അധികം സന്ദർശകർ എത്തുന്ന മ്യൂസിയം ആയ ലൂവ്രിൽ, 35000 ഓളം അമൂല്യ വസ്തുക്കൾ ആണ് പ്രദർശനത്തിൽ ഉള്ളത്. വിഖ്യാതമായ മൊണാലിസ ചിത്രം അടക്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതീവസുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

One more person arrested in Louvre Museum robbery; no jewelry recovered yet

More Stories from this section

family-dental
witywide