
തിരുവനന്തപുരം : കേരളം വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ആശങ്കയില്‍. സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട്ടില്‍ നിന്നുള്ള 45 വയസുള്ള വ്യക്തിക്കാണ് രോഗബാധ. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഈ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുളള സുഷികരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്.