
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയേയും വെടിവച്ചു കൊന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരില്‍ ഒരാള്‍ ജമ്മു കശ്മീരില്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹഫീസ് സയീദും ഡെപ്യൂട്ടി സൈഫുള്ള കസൂരിയും പാകിസ്ഥാനിലേക്ക് കടന്നെന്നും മൂന്നാമനായ ഹാഷിം മൂസ ജമ്മു കശ്മീരില്‍ ഒളിച്ചിരിക്കുന്നതായുമാണ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഹാഷിം മൂസ തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും കണ്ടെത്താന്‍ വിശദമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഈ ഭീകരന്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുന്നതിനു മുമ്പായി പിടികൂടാന്‍ സുരക്ഷാ ഏജന്‍സികള്‍ തീവ്രമായി ശ്രമിക്കുകയാണ്. അതോടൊപ്പം ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, വിവരം നല്‍കുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ പിടികൂടുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സുരക്ഷാ ഏജന്‍സികളുടെ കണക്കനുസരിച്ച്, കശ്മീര്‍ താഴ്വരയില്‍ നടന്ന ആറ് ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിട്ടുണ്ട്.
പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ പാരാ കമാന്‍ഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലഷ്‌കര്‍-ഇ-തൊയ്ബയില്‍ ചേര്‍ന്ന ഇയാള്‍ നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 2023 ല്‍ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിരുന്നു.
ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും ഇയാള്‍ ഉള്‍പ്പെട്ട ആക്രമണത്തിലായിരുന്നു.