
ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വലിയ ദുരന്തം കവർന്നെടുത്തത് 298 ജീവനുകളും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ്. ആ ദുരന്ത സമയത്ത് കേരളം മുഴുൻ കൈകോർത്തു നിന്ന് നഷ്ടക്കയത്തിൽ പെട്ടവരെ കൈപിടിച്ചു കരകയറ്റാൻ ഒപ്പം നിന്നു. ഒരു മാസത്തിനുള്ളിൽ തന്നെ താൽകാലിക പുനരധിവാസം യാഥാർഥ്യമാക്കി. വീടു നഷ്ടമായവർക്ക് ടൌണഷിപ്പ് പദ്ധതി മുതൽ രാജ്യത്തിന് അഭിമാനകരമായ പല പ്രഖ്യാപനങ്ങളും ഉണ്ടായി. എന്നാൽ ഒന്നിനും തുടർച്ചയില്ല എന്നതാണ് യഥാർഥ വസ്തുത.
കഴിഞ്ഞ ഒരുവർഷം കണ്ടത് വാക്കുകൾ ജലരേഖയാകുന്ന കാഴ്ച. ഉരുൾപൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചിൽപോലെയായിരുന്നു സഹായ വാഗ്ദാനങ്ങൾ. അതെല്ലാം മൺമറഞ്ഞു. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന് അത് കഴിഞ്ഞിട്ടില്ല
പണമില്ലാത്തതിന്റെപേരിൽ ഒന്നും മുടങ്ങില്ലെന്ന് ചൂരൽമലയുടെ ഇടറിയ മണ്ണിൽനിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ നാടൊന്നടങ്കം അത് നെഞ്ചേറ്റി. എന്നാൽ, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാമ്പത്തിക സഹായം കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം. ഉറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ് തുടരുന്നു.
One year since the Mundakai-Churalmala landslide disaster