കല്‍പ്പറ്റ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ മലപ്പുറം താനൂര്‍ സ്വദേശിയായ താഹിര്‍(32 ) നെ വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിലാണ് താഹിർ കൂടി അറസ്റ്റിലായിരിക്കുന്നത്.
ബെംഗളുരുവുലെ സ്വകാര്യ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയാണ് ഇയാൾ. ടെലഗ്രാമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നല്‍കി 2024 ഫെബ്രുവരിയില്‍ വെള്ളമുണ്ട സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. പല ടാസ്‌കുകള്‍ നല്‍കി ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ച് പരാതിക്കാരനെ വലിയ സംഖ്യ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു തട്ടിപ്പു സംഘം .
പിന്നീട് ലാഭവും മുതലും പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലായ പരാതിക്കാരന്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയും കേസിൽ വയനാട് സൈബര്‍ പൊലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താനൂര്‍ സ്വദേശിയായ ഫഹദിനെ പിടികൂടുകയും ചെയ്തുന്നു.
പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് താഹിറിനാണ് പണം കൈമാറ്റം ചെയ്തത് എന്ന് വ്യക്തമായത്. പൊലീസന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു. എസ്.ഐ ജലീല്‍, എ.എസ്.ഐ ഹാരിസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജല്‍, മുഹമ്മദ് അനീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Online trading scam; Law student embezzled Rs 33 lakh through Telegram, remanded in police custody













