
ജമ്മു കശ്മീരിലെ കുൽഗാം മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. രണ്ട് സൈനികർ വീരമൃത്യുവും വരിച്ചു. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാൻ ഉൾപ്പെടെയുള്ള ഭീകരരെയാണ് വധിച്ചത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഗുദ്ദാർ’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ജെ സി ഓ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മേഖലയിൽ ശക്തമായ തെരച്ചിൽ തുടരുകയാണെന്ന് സുരക്ഷസേന അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
ഇതിനിടെ ജമ്മു കശ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭീകരവാദകേസുമായി ബന്ധപ്പെട്ട് എൻ ഐ എ പരിശോധന തുടരുകയാണ്. ചെന്നൈയിൽ രജിസ്ട്രർ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. അതിനിടെ ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരൻ പിടിയിലായി. ആർ എസ് പുര സെക്ടറിൽ നിന്നാണ് ഇയാളെ ബി എസ് എഫ് പിടികൂടിയത്.