
ലാഹോർ: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് നിഷേധിച്ചു. പാകിസ്ഥാൻ്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യൻസേന തകർത്തിട്ടില്ലെന്നും കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ലെന്നും നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുതാണെന്നും പാകിസ്‌താൻ മന്ത്രി ആരോപിച്ചു.
വിമാനങ്ങളുടെ പട്ടികയും എണ്ണവും സ്വതന്ത്ര പരിശോധനയ്ക്കായി ഇരുരാജ്യങ്ങളും തുറന്നുകൊടുക്കണമെന്നും ഇത് ഇന്ത്യ മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം തുറന്നുകാട്ടുമെന്നും ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളോട് പാകിസ്ഥാൻ നേരത്തേ പങ്കുവെച്ചതാണെന്നും ഇന്ത്യൻ വ്യോമസേന മേധാവിയുടെ പരാമർശം അവിശ്വസനീയവും അനവസരത്തിലുള്ളതുമാണെന്നും പാക് മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്‌താന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്നായിരുന്നു ബെംഗളൂരുവിൽ നടന്ന ഒരു ചടങ്ങിനിടെ വ്യോമസേന മേധാവി എയർമാർഷൽ എ.പി. സിങ് വെളിപ്പെടുത്തിയത്