പാക് സേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിൽ, ഓപ്പറേഷൻ സിന്ദൂറിൽ 22 മിനിട്ടിൽ ഇന്ത്യയുടെ ശക്തി കാട്ടി; ലോകം പിന്തുണച്ചപ്പോഴും കോൺഗ്രസ് പിന്തുണച്ചില്ല: മോദി

ഡൽഹി: ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണ് പാർലമെന്‍റിൽ നടക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, കോൺഗ്രസിനെയും പ്രതിപക്ഷത്തെയും വിമർശിക്കുകയും ചെയ്തു. ഭീകരരുടെ ആസ്ഥാനമടക്കം തകർ‌ത്ത രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷമാണ് പാർലമെന്‍റിൽ നടക്കുന്നത്. ഇന്ത്യയുടെ പക്ഷമാണ് താൻ പറയുന്നതെന്നും ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം കണ്ടതെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സേനകളുടെ ശക്തി ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലോകം കണ്ടു. പാക്ക് ആയുധങ്ങളുടെ ശേഷിക്കുറവ് വിളിച്ചുപറയുന്നതായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നിൽ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചു. പാക്ക് വ്യോമസേനാ താവളങ്ങൾ ഇപ്പോഴും ഐ സി യുവിലാണ്. എപ്പോൾ, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാൻ പൂർണ സ്വാതന്ത്യം നൽകി. 22 മിനിട്ടിൽ പഹൽഗാം ആക്രമണത്തിന് മറുപടി നൽകി. പാക്കിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മുൻപും പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാന്റെ ഉള്ളിൽ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാൻപോലും കഴിയാത്ത സ്ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. ഇന്ത്യൻ നിർമിത ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പരത്തുന്നത് അതിർത്തിക്കപ്പുറമുള്ളവരുടെ വാക്കുകൾ തന്നെയാണ്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോൺഗ്രസ് മാറി. അവിശ്വാസം പരത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോൺഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide