‘സ്വര്‍ണപ്പാളിയില്‍’ സഭ പ്രക്ഷുബ്ധം : മന്ത്രി വി.എന്‍.വാസവന്റെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി തിരിമറി നടന്ന സംഭവത്തില്‍ നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. മന്ത്രി വി.എന്‍.വാസവന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്നും സഭയില്‍ പ്രതിപക്ഷം കത്തിക്കയറിയത്. ചോദ്യോത്തര വേളയില്‍ ശബരിമലയിലെ സ്വര്‍ണമോഷണത്തെ ഉയര്‍ത്തിക്കാട്ടിയ പ്രതിപക്ഷം ബാനറുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും തീരുമാനം ഇന്നുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാത്രമല്ല, ശബരിമലയിലെ സ്വര്‍ണം മൂടിയ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്കു വില്‍പന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നായിരുന്നു നിയമമന്ത്രി പി.രാജീവിന്റെ പ്രതികരണം. ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഉന്നത നീതിപീഠത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്.