
തിരുവനന്തപുരം: സ്കൂളുകളിലെ ‘സൂംബ’ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സുംബ നൃത്തം സ്കൂളുകളിൽ സർക്കാർ അടിച്ചേല്‍പ്പിക്കേണ്ടെന്നും ഇഷ്ടമുള്ളവര്‍ ചെയ്യട്ടെയെന്നുമാണ് സതീശൻ പറഞ്ഞത്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ നിന്നും ഒഴിവാക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിനെതിരെ യു.ഡി.എഫ് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിനിമയ്ക്ക് ജാനകി എന്ന പേര് പാടില്ലെന്നു പറയുന്നവര്‍ രാജ്യത്തെ ഏത് നൂറ്റാണ്ടിലേക്കാണ് വലിച്ചു കൊണ്ട് പോകുന്നതെന്ന് ചോദിച്ച സതീശൻ, സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
സുംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ വേഷവിധാനങ്ങളും ഭാഷയുമൊക്കെയുള്ള രാജ്യമാണ് ഇന്ത്യ. ആ വ്യത്യസ്തകളാണ് രാജ്യത്തിന്റെ മനോഹാരിത. എല്ലാവരോടും പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും ഇട്ടും നടക്കാനോ പറയാനാകില്ല. ഇത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് പോകരുത്. അതില്‍ നിന്നും മുതലെടുക്കാന്‍ ചിലരുണ്ട്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പടര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറരുത്. പരാതി ഉണ്ടായാല്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കണം. സുംബ ഡാന്‍സിന് എതിരല്ല. അടിച്ചേല്‍പ്പിച്ച് ആളിക്കത്തിക്കുന്നതിന് വേണ്ടി ഒന്നും ഇട്ടുകൊടുക്കരുത്. ഗവേണന്‍സ് എന്നത് ബുദ്ധിപൂര്‍വം ചെയ്യേണ്ടതാണ്.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ നിന്നും നീക്കാനുള്ള ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്‍ നടത്തും. ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും. രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തിന്റെ ഒരു ഘടകം കൂടിയാണ് ഭരണഘടന. ഇന്ത്യ ഭരണഘടനയുടെ അന്തസത്തയെന്നതു തന്നെ സോഷ്യലിസമാണ്. മുതലാളിത്തവും അടിമത്വവും ചൂഷണവും ഇല്ലാത്ത വ്യവസ്ഥിതിയാണ് സോഷ്യലിസം. വിവിധ മത വിഭാഗങ്ങള്‍ വ്യത്യസ്തമായി ജീവിക്കുന്ന രാജ്യത്ത് അവരെയെല്ലാം കോര്‍ത്തിണക്കുന്ന മതേതര ഭാവവും ഇന്ത്യ ഭരണഘടനയ്ക്കുണ്ട്. സോഷ്യലിസവും മതേതരത്വവും മാറ്റിയാല്‍ ഭരണഘടന മരിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. അതിനെതിരെ ശക്തമായ കാമ്പയിന്‍ നടത്തും.
സിനിമയ്ക്ക് ജാനകിയും മംഗലശേരി നീലകണ്ഠനും പാടില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. നീലകണ്ഠന്‍ എന്നപേര് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുമോ? ഇതിന് മുന്‍പും ജാനകി എന്ന പേര് സിനിമകള്‍ക്ക് വന്നിട്ടുണ്ടല്ലോ. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ എത്രമാത്രം തരംതാണിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അധികാരത്തില്‍ ഇരുന്നു കൊണ്ട് എല്ലായിടത്തും കൈ കടത്തുകയാണ്. ഇക്കാര്യത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രതിപക്ഷം. സുരേഷ് ഗോപി അഭിനയിച്ചിട്ടു പോലും ജാനകി എന്ന പേര് മാറ്റിയാലെ പ്രദര്‍ശനാനുമതി നല്‍കുവെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ഇതുപോലുള്ളവരെയാണോ സെന്‍സര്‍ ബോര്‍ഡില്‍ ഇരുത്തിയിരിക്കുന്നത്. ഇങ്ങനെയെങ്കില്‍ നോവലുകളിലും ഇത്തരം പേരുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന അവസ്ഥ വരും. ഇന്ത്യയെ ഏത് നൂറ്റാണ്ടിലേക്കാണ് ഇവര്‍ വലിച്ചു കൊണ്ട് പോകുന്നത്?