
തിരുവനന്തപുരം : കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു ജീവനുകള്‍ പൊലിഞ്ഞതില്‍ വനംമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുതെന്നും വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്നും എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തില്‍ ഒരാഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ചെറുവിരല്‍ അനക്കിയില്ല. റിപ്പോര്‍ട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.