
തിരുവനന്തപുരം : ലോകത്തെ എല്ലാ അസുഖവും കേരളത്തില്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് പരാജയമാണെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കാരണം കണ്ടെത്താന്‍ പോലും വകുപ്പിന് കഴിയുന്നില്ലെന്നും എല്ലാവര്‍ക്കും പേടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ബോധവത്കരണം നടത്താന്‍ പോലും ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ മാസം മാത്രം സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി ഷാജി (47) ആണ് മരണപ്പെട്ടിരുന്നു. ഷാജിയെ ഓഗസ്റ്റ് ഒമ്പതിനാണു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഷാജിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. മസ്തിഷ്‌ക ജ്വരം ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മറ്റൊരു മലപ്പുറം സ്വദേശിനി തിങ്കളാഴ്ച മരിച്ചിരുന്നു. തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തുകുന്ന് എം.ശോഭന (56) ആണ് മരിച്ചത്.
അമീബിക് മസ്തിഷ്‌കജ്വരം മൂലം ഈ വര്‍ഷം 16 പേര്‍ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കാണു രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്നതിനാല്‍ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.