
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ കാപട്യത്തിന് മുതിര്‍ന്നതെന്നും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിനു നല്‍കേണ്ടത് എ.കെ.ആന്റണി സര്‍ക്കാര്‍ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്”- സതീശന്‍ ആരോപിച്ചു.
ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫുമെന്നും സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്ന് ആചാരസംരക്ഷണത്തിനായി നടത്തിയ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.













