പ്രതിപക്ഷനേതാവ് VS സ്പീക്കർ, രാഹുൽ മര്യാദകാണിക്കണമെന്ന് ബിർള, സംസാരിക്കാൻ അവസരമില്ലെന്ന് രാഹുൽ; പ്രിയങ്കയോടുള്ള വാത്സല്യത്തിന്‍റെ വീഡിയോയുമായി ബിജെപി, പ്രതിഷേധിച്ച് കോൺഗ്രസ്

ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും സ്പീക്കർ ഓം ബിർളയും നേരിട്ട് ഏറ്റുമുട്ടുന്നതിനാണ് ലോക്സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ മര്യാദയോടെ പെരുമാറണമെന്ന് ശാസിച്ചുകൊണ്ട് സ്പീക്കർ ഓം ബിർളയാണ് പോര് തുടങ്ങിവച്ചത്. കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓം ബിര്‍ല ആവശ്യപ്പെട്ടു. സ്പീക്കറുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. പ്രിയങ്ക ഗാന്ധിയോട് സഭയിൽ രാഹുൽ വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചാണ് ബിജെപി സ്പീക്കറെ ന്യായീകരിച്ചത്.

വിശദ വിവരങ്ങൾ

ശൂന്യവേളക്ക് പിന്നാലെയാണ് ചെയറിലുണ്ടായിരുന്ന സന്ധ്യറായ്യെ മാറ്റി നാടകീയമായീ സ്പീക്കര്‍ ഓംബിര്‍ല കടന്നു വന്നത്. രാവിലെ സഭയിലില്ലാതിരുന്ന രാഹുല്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ വരവ്. പല അംഗങ്ങളും സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്‍റെ ശ്രദ്ധയില്‍ പെടുന്നുവെന്ന് പറഞ്ഞാണ് ഓംബിര്‍ല രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്. പ്രതിപക്ഷ നേതാവ് സഭാ മര്യാദ കാട്ടണം. അച്ഛനും, അമ്മയും സഹോദരങ്ങളും ഇവിടെ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ട്. ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെയും രാഹുല്‍ നിലക്ക് നിര്‍ത്തണം. പ്രകോപന കാരണം വ്യക്തമാക്കാതെ ഇത്രയും പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. രാഹുല്‍ സംസാരിക്കാനെഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. കാരണം പിടികിട്ടുന്നില്ലെന്നും, ഒരാഴ്ചയിലേറെയായി തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇതിന് പിന്നാലെ കെ സി വേണുഗോപാല്‍ എം പിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. അകാരണമായി ശകാരിച്ചതിന്‍റെ കാരണം വ്യക്തമാക്കാത്ത സ്പീക്കര്‍ കൂടുതലൊന്നും പറയിക്കരുതെന്ന് മാത്രമാണ് എം പിമാരോട് പറഞ്ഞത്. പിന്നാലെ സ്പീക്കര്‍ രാഹുല്‍ ഗാന്ധിക്ക് ക്ലാസ് എടുത്തതിന്‍റെ കാരണം ഇതാണെന്ന് വ്യക്തമാക്കി ബിജെപി വീഡിയോ പുറത്ത് വിടുകയായിരുന്നു. സഭയിലെത്തിയ വേളയില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധിയോട് വാത്സല്യം പ്രകടിപ്പിക്കുന്ന ദൃശ്യമാണ് പാര്‍ലമെന്‍റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ബി ജെ പി ചൂണ്ടിക്കാട്ടുന്നത്. സ്ഥിരമായി ഇത്തരം പെരുമാറ്റം ഉണ്ടാവുന്നു എന്നാണ് ബി ജെ പിയുടെ ആരോപണം. എന്നാല്‍ ശകാരത്തിന്‍റെ കാരണം ഇനിയും സ്പീക്കറോ ഓഫീസോ വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Also Read

More Stories from this section

family-dental
witywide