‘ഓർത്തഡോക്സ് സഭയുടെ പിന്തുണ വേണ്ടെങ്കിൽ അത് തുറന്ന് പറയണം, മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്’; കെപിസിസി അധ്യക്ഷന് മറുപടിയുമായി സഭ ട്രസ്റ്റി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയെച്ചൊല്ലിയുള്ള അതൃപ്തിക്കിടെ, കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫിന് മറുപടിയുമായി ഓർത്തഡോക്സ് സഭ. സാമുദായിക സമവാക്യങ്ങളിലൂടെ പദവി നേടിയവരുടെ പ്രസ്താവനകൾ പ്രസക്തമല്ലെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദർ തോമസ് വർഗീസ് അമയിൽ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിച്ചു. കഴിവുള്ള നേതാക്കളെ മതത്തിന്റെയും താത്പര്യങ്ങളുടെയും പേര് പറഞ്ഞ് തഴയുന്നത് ദൗർഭാഗ്യകരമാണെന്നും, മലങ്കര സഭയുടെ പിന്തുണ ആവശ്യമില്ലെങ്കിൽ വ്യക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും പിന്തുണച്ചാണ് ട്രസ്റ്റിയുടെ പ്രതികരണം.

ഫാദർ തോമസ് വർഗീസ് അമയിലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടികൾ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളിൽ 100% തൃപ്തിയുണ്ടാകുന്നില്ല എന്ന് സമ്മതിക്കേണ്ടി വരുന്നതും പാർട്ടി നേതൃത്വത്തിൻ്റെ മാത്രം പ്രശ്നമാണ്. പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചില തീരുമാനങ്ങൾ കാണുമ്പോൾ സഭയും, സമൂഹവും തുറന്നു പറയും. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. കഴിവുള്ള നേതാക്കൻമാർ നേതൃത്വത്തിൽ വരണം എന്നത് പൗരൻമാരുടെ സ്വപ്നമാണ്. അവരെ മതത്തിൻ്റെയും, താൽപ്പര്യങ്ങളുടെയും പേരിൽ തഴയുന്നത് സങ്കടകരമാണ്. ആ അഭിപ്രായത്തിന് ചെവികൊടുക്കാത്തവർ എങ്ങനെ ജനാധിപത്യത്തിൻ്റെ കാവൽക്കാരാകും? ഇനി അതല്ല, മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവർ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്.

More Stories from this section

family-dental
witywide