ഇന്ത്യയുടെ യഥാർഥ ശത്രു വിദേശ ആശ്രിതത്വം, ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നത് തടയണം, എച്ച് 1 ബി വിസ ഫീസ് കൂട്ടിയതിന് പിന്നാലെ മോദി

അഹമ്മദാബാദ്: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ആശ്രിതത്വം വർധിക്കുന്നത് രാജ്യത്തിന്റെ പരാജയത്തിന് കാരണമാകുമെന്നും, ഇതിനെ മറികടക്കാൻ ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്നും അദ്ദേഹം ഗുജറാത്തിൽ നടന്ന ഒരു വികസന പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എച്ച്1-ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) വർധിപ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ ഈ പ്രസ്താവന.

ലോകത്ത് ഇന്ത്യയ്ക്ക് യഥാർഥ ശത്രുക്കൾ ഇല്ലെന്നും, എന്നാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി ഊന്നിപ്പറഞ്ഞു. “ഈ ആശ്രിതത്വത്തിന്റെ ശത്രുവിനെ നമുക്ക് ഒരുമിച്ച് തകർക്കണം. വിദേശ ആശ്രിതത്വം വർധിക്കുംതോറും രാജ്യത്തിന്റെ പരാജയവും വർധിക്കും. ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ആത്മനിർഭർ ആയി മാറണം,” അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 140 കോടി ജനങ്ങളുടെ ഭാവി മറ്റുള്ളവരെ ആശ്രയിച്ച് അപകടത്തിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ ആശ്രിതത്വം രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുമെന്ന് മോദി മുന്നറിയിപ്പ് നൽകി. “മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ വികസന ലക്ഷ്യങ്ങൾ ത്യജിക്കാനാകില്ല. വരും തലമുറകളുടെ ഭാവി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനുള്ള ഏക മാർഗം സ്വാശ്രയ ഇന്ത്യയാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ കഴിയൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide