
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കുമുള്ള ഉറച്ച പിന്തുണ ആവര്‍ത്തിച്ച് യുഎസ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.
ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് ഉന്നതതല നയതന്ത്ര ബന്ധം നിലനിര്‍ത്തുന്നതിനിടയിലാണ് ടാമി ബ്രൂസ് ഈ പ്രസ്താവന നടത്തിയത്. ആക്രമണത്തിന് ശേഷമുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു.
”സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സെക്രട്ടറി സംസാരിച്ചു. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അറിയിച്ചതുപോലെ, തീവ്രവാദത്തിനെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു, പ്രധാനമന്ത്രി മോദിക്ക് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്,”- ബ്രൂസ് പറഞ്ഞു.
വ്യാഴാഴ്ച ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഉന്നത നേതാക്കളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് ഇന്ത്യക്ക് പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിച്ചത്.