
ഇന്ത്യൻ സിനിമ താരവും കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വീണ്ടും വെടിവയ്പ്പ്. കാനഡയിലെ സറേയിലുള്ള കാപ്സ് കഫേയിലാണ് രണ്ടാം തവണയും വെടിവയ്പുണ്ടായത്. ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ദില്ലണ്‍, ലോറന്‍സ് ബിഷ്ണോയ് എന്നീ മാഫിയാ സംഘങ്ങള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയിൽ പോസ്റ്റുകളിട്ടു.
സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ നിന്ന് 25 തവണ വെടിയൊച്ച കേൾക്കാം. ഞങ്ങള്‍ വിളിച്ചെങ്കിലും അയാള്‍ ഫോൺ എടുത്തില്ല, അതിനാല്‍ ഞങ്ങള്‍ക്ക് നടപടിയെടുക്കേണ്ടി വന്നുവെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇനിയും അയാള്‍ ഫോൺ എടുത്തില്ലെങ്കില്‍, അടുത്ത ഓപ്പറേഷൻ മുംബൈയില്‍ ആയിരിക്കുമെന്നും വീഡിയോയിലുണ്ട്.
കപില്‍ ശര്‍മ പുതുതായി തുറന്ന കാപ്‌സ് കഫേയില്‍ ജൂലൈ 10 നാണ് ആദ്യ ആക്രമണം നടന്നത്. ചില ജീവനക്കാര്‍ അകത്തുണ്ടായിരുന്നെങ്കിലും അന്നത്തെ വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.