
ന്യൂഡല്‍ഹി : ചൈനയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 7000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ചിക്കുന്‍ഗുനിയ പിടിപെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചൈനയിലേക്ക് പോകുന്ന എല്ലാ അമേരിക്കക്കാര്‍ക്കും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ലെവല്‍ 2 (പ്രാക്ടീസ് എന്‍ഹാന്‍സ്ഡ് പ്രിക്വേഷന്‍സ്) ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ചിക്കുന്‍ഗുനിയ ബാധിത പ്രദേശം സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ വാക്‌സിനേഷന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് സിഡിസി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രോഗബാധിതരായ ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് ഇനം കൊതുകുകള്‍ കടിക്കുന്നതിലൂടെയാണ് ചിക്കുന്‍ഗുനിയ മനുഷ്യരിലേക്ക് പകരുന്നത്. അടുത്ത സമ്പര്‍ക്കത്തിലൂടെ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. ലോകാരോഗ്യസംഘടനയുടെ 2006ലെ റിപ്പോട്ട് പ്രകാരം 1779മുതല്‍ക്കേ ചികുന്‍ഗുനിയ പ്രചാരത്തിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ലക്ഷണങ്ങളില്‍ നല്ല സാമ്യമുള്ളതിനാലാവാം ചികുന്‍ഗുനിയയെ മുന്‍കാലങ്ങളില്‍ വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു.















